Movies
സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ജയിലർ 2 അഡ്വാൻസ് ബുക്കിംഗിൽ ചരിത്രനേട്ടത്തിലേക്ക്. റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ബുക്കിംഗ് ആരംഭിച്ച ആദ്യ ദിനം തന്നെ കേരളത്തിൽ മാത്രം നാല് കോടിയോളം രൂപയുടെ റിക്കോർഡ് പ്രീ-സെയിൽസാണ് ചിത്രം സ്വന്തമാക്കിയത്. സംസ്ഥാനത്ത് എണ്ണൂറോളം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
കേരളത്തിലുടനീളം ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ബുക്ക് മൈ ഷോയിൽ ട്രെൻഡിംഗിൽ ഒന്നാമതായി നിൽക്കുന്ന ചിത്രത്തിന്, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ ആപ്പിൽ മോസ്റ്റ് ഹൈപ്പ്ഡ് ബാഡ്ജും ലഭിച്ചിട്ടുണ്ട്. ഡിസ്ട്രിക്റ്റ് ആപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിന്റെ 12,000-ത്തിലധികം ടിക്കറ്റുകൾ വെറും ഒരു മണിക്കൂറിനുള്ളിൽ വിറ്റു പോകുന്നത്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ്, ടിക്കറ്റ് ന്യൂ തുടങ്ങിയ ആപ്പുകൾ വഴിയും കൗണ്ടർ സെയിലിലൂടെയും ആദ്യ മണിക്കൂറിൽ തന്നെ ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഫാൻസ് ഷോകൾക്കും മാരത്തൺ ഷോകൾക്കും വൻ ഡിമാൻഡാണ്. തൃശൂരിലെ പ്രശസ്തമായ രാഗം തിയേറ്ററിൽ ആദ്യ ദിനം 24 മണിക്കൂർ മാരത്തൺ ഷോകളാണ് ജയിലർ 2-നായി ചാർട്ട് ചെയ്തിരിക്കുന്നത്. പല കേന്ദ്രങ്ങളിലും ആദ്യ ദിവസത്തെ മുഴുവൻ ഷോകളും ഇതിനോടകം ഫുൾ ആയതോടെ കൂടുതൽ പ്രദർശനങ്ങൾ ഉൾപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ. ഒക്ടോബർ 15-ന് പുലർച്ചെ ആറുമണി മുതലാണ് കേരളത്തിലെ ആദ്യ പ്രദർശനങ്ങൾ ആരംഭിക്കുന്നത്.
ചിത്രത്തിന്റെ കേരളത്തിലെ ബുക്കിംഗ് ആവേശത്തിന് പിന്നിൽ മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ സാന്നിധ്യവും വലിയൊരു ഘടകമാണ്. ആദ്യ ഭാഗത്ത് അതിഥി വേഷത്തിലെത്തി വലിയ കൈയടി നേടിയ മോഹൻലാൽ, രണ്ടാം ഭാഗത്തിലും എത്തുന്നുവെന്നത് മലയാളി പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നു. ട്രെയിലറിലെ മോഹൻലാലിന്റെ മാസ് ലുക്ക് ആരാധകരിൽ പ്രതീക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുമ്പോൾ, ശിവ രാജ്കുമാർ, സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന് വലിയ ഹൈപ്പാണ് നൽകിയിരിക്കുന്നത്. ആഗോള റിലീസായി ഒക്ടോബർ 15-ന് തിയേറ്ററുകളിലെത്തുന്ന ജയിലർ 2, ബോക്സ് ഓഫീസിൽ പുതിയ റിക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
Movies
തമിഴ് സിനിമാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 'ജയിലർ 2'വിന്റെ ട്രെയിലർ പുറത്തുവന്നു. ഒക്ടോബർ 15ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനകം തന്നെ ഒമ്പത് മില്യൺ കാഴ്ചക്കാരെ നേടി സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു.
ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസിലും മാസ് രംഗങ്ങളുമായാണ് രണ്ടാം ഭാഗം ഒരുങ്ങിയിരിക്കുന്നത്. നെൽസൺ ദിലീപ്കുമാറിന്റെ ട്രേഡ് മാർക്ക് ബ്ലാക്ക് ഹ്യൂമറിനൊപ്പം വമ്പൻ ആക്ഷൻ സീക്വൻസുകളും വൈകാരിക മുഹൂർത്തങ്ങളും പഞ്ച് ഡയലോഗുകളും ട്രെയിലറിൽ കാണിച്ചു തരുന്നുണ്ട്. രജനികാന്തിന്റെ 'മുത്തുവേൽ പാണ്ഡ്യൻ' എന്ന കഥാപാത്രത്തിന്റെ തകർപ്പൻ തിരിച്ചുവരവിനായി ആരാധകർ വലിയ പ്രതീക്ഷയിലാണ്. കമന്റ് ബോക്സിൽ മോഹൻലാൽ ആരാധകരുടെ വൻ കമന്റ് പ്രവാഹവും ശ്രദ്ധേയമായിട്ടുണ്ട്. ആദ്യ ഭാഗത്തേക്കാൾ ഗംഭീരമായ വേഷമായിരിക്കും രണ്ടാം ഭാഗത്തിൽ മോഹൻലാലിന്റേതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത്. റെക്കോർഡ് തുകയ്ക്ക് ആണ് ശ്രീ ഗോകുലം മൂവീസ് ഈ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്. അതിനാൽ കേരളത്തിൽ ചിത്രം ഓൾ ടൈം റെക്കോർഡ് റിലീസിനാണ് ഒരുങ്ങുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രം, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായുള്ള രജനീകാന്തിന്റെ രണ്ടാം വരവാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബുഷൻ പാർട്ണർ.
സുരാജ് വെഞ്ഞാറമൂട്, എസ്. ജെ. സൂര്യ, വിദ്യ ബാലൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട് ഇവരുടെ ക്യാരക്ടർ വീഡിയോ നേരത്തെ തന്നെ പുറത്ത് വരികയും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെയും പുതിയ താരങ്ങളെയും ഒരുമിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ജയിലർ 2' ന് ഉണ്ട്. ചിത്രത്തിലെ 'അല്ല ബോലലോ' അടക്കമുള്ള ഗാനങ്ങളും അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും ഇതിനകം തന്നെ വലിയ ഹിറ്റായിട്ടുണ്ട്.
Movies
രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 സിനിമയിലെ വിദ്യ ബാലന്റെ ക്യാരക്ടർ ടീസർ പുറത്തിറക്കി.
കാന്ത എന്ന കഥാപാത്രമായാണ് വിദ്യ ബാലൻ എത്തുന്നത്. സാരിയുടുത്ത് കൈയിൽ സിഗരറ്റുമായി സാരിയുടത്താണ് വിദ്യയെത്തുന്നത്.
ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ ക്യാരക്ടർ ടീസറാണ് അണിയറപ്രവർത്തകർ ആദ്യം പുറത്തുവിട്ടത്. ദിലീപ് എന്ന വില്ലൻ കഥാപാത്രമായാണ് സുരാജ് എത്തുന്നത്.
Movies
രജനികാന്ത് നായകനാകുന്ന ജയിലറിന്റെ രണ്ടാം ഭാഗത്തിൽ വിദ്യാ ബാലൻ പ്രധാനവേഷത്തിൽ എത്തിയേക്കുമെന്ന് സൂചന. ചിത്രത്തിന്റെ കഥാഗതിയെ മാറ്റിമറിക്കുന്ന നിർണായക വേഷമാണ് നടിക്കെന്നാണ് സൂചന.
2024ൽ റിലീസ് ചെയ്ത ഭൂൽ ഭുലയ്യ മൂന്നാം ഭാഗത്തിനു ശേഷം വിദ്യ അഭിനയിക്കുന്ന ചിത്രം കൂടിയാകും ജയിലർ 2. 2026 ഓഗസ്റ്റ് പതിനാലിന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
അജിത് കുമാറിനൊപ്പം അഭിനയിച്ച നേർകൊണ്ട പാർവൈയാണ് തമിഴിൽ വിദ്യ അവസാനമായി വേഷമിട്ട ചിത്രം.
2023ൽ ആയിരുന്നു ടൈഗർ മുത്തുവേൽ പാണ്ഡ്യനായി ജയിലറിലൂടെ രജനീകാന്ത് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആഗോള ബോക്സ് ഓഫിസില് 600 കോടിയിലേറെയാണ് ചിത്രം നേടിയത്.
അനിരുദ്ധ് രവിചന്ദർ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീതസംവിധാനം. മോഹൻലാൽ, ശിവരാജ് കുമാർ, രമ്യ കൃഷ്ണൻ, സുരാജ് വെഞ്ഞാറമ്മൂട്, അന്ന രേഷ്മ രാജൻ, ജാക്കി ഷ്റോഫ് എന്നിങ്ങനെ വമ്പൻ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.
Movies
ദൃശ്യം 3 ചൊവ്വാഴ്ച പാക്കപ്പ് ആയതിന് പിന്നാലെ ബുധനാഴ്ച രാവിലെ തന്നെ ജയിലർ 2ന്റെ ലൊക്കേഷനിലേയ്ക്ക് പറന്ന് മോഹൻലാൽ. ജയിലറിന്റെ ഗോവയിലെ സെറ്റിലേയ്ക്കാണ് താരം പോയത്.
മോഹൻലാലിന്റെപേഴ്സനൽ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റിൽ നിന്നുള്ള ചിത്രം പങ്കുവച്ചത്. മോഹൻലാലിനൊപ്പം ഫ്ലൈറ്റിൽ സഞ്ചരിക്കുന്ന ചിത്രം ഓഫ് ടു ജെ2 എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.
ഏതാനും മണിക്കൂറുകൾ മുൻപാണ് ദൃശ്യം 3 പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വീഡിയോ അണിയറ പ്രവർത്തകർ പങ്കുവച്ചത്.
ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റിൽ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്. ‘ജയിലർ’ സിനിമയിൽ ശ്രദ്ധേയമായ മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തത് ജിഷാദ് ഷംസുദ്ദീൻ ആണ്.
‘ജയിലർ 2’ സിനിമയിലും മോഹൻലാലിന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ ആദ്യ ഭാഗത്തിലെ കോസ്റ്റ്യൂം തരംഗമായി മാറിയിരുന്നു.